Kerala
കൊച്ചി: കാർ ഇടിപ്പിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കുന്നംകുളം സ്വദേശി നർഫാദ് (29)നെയാണ് ക്യൂൻസ് വാക്വേയിൽ നിന്ന് പാലാരിവട്ടം പോലീസ് പിടികൂടിയത്. കഴിഞ്ഞ 18ന് പുലർച്ചെ രണ്ടിന് കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലായിരുന്നു സംഭവം.
നർഫാദിന്റെ സുഹൃത്ത് ഓടിച്ചിരുന്ന ഥാർ, സർവീസ് റോഡിൽ നിന്നും കയറാനായി നിർത്തിയിട്ടിരുന്ന ഐ20 കാറിന്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന എളമക്കര സ്വദേശി ഗോകുലും സുഹൃത്തുക്കളും ഇത് ചോദ്യം ചെയ്തതോടെ തർക്കമായി. തുടർന്ന് പ്രശ്നം പരിഹരിച്ച് ഇരുകൂട്ടരും പിരിഞ്ഞെങ്കിലും നർഫാദും സുഹൃത്തും ഇവരെ മർദിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതികൾ ഥാറുമായി കടന്നുകളഞ്ഞെങ്കിലും സംഭവസ്ഥലത്ത് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം പ്രതിയായ നർഫാദ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള ഒന്നാം പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിനിടെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പോലീസുകാരെ വിജയ് ആക്രമിച്ചുവെന്നാണ് കേസ്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് വിജയ് വിമലിനെ അറസ്റ്റ് ചെയ്തിരുന്നത്.
വിജയ് വിമല് പോലീസുകാർക്കുനേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. നേരത്തെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളുടെ ജാമ്യം നിഷേധിച്ചിരുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വീട്ടിൽ നിന്ന് റെയ്ഡ് പൂർത്തിയാക്കി മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്.
Kerala
തിരുവനന്തപുരം: ആലപ്പുഴയിൽവച്ച് മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ വസ്തുതാവിരുദ്ധമെന്ന് എസ്ഐടി ഹൈക്കോടതിയിൽ. സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവിലെ നിരീക്ഷണങ്ങൾ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ഹരജിയിൽ പറയുന്നു. ആലപ്പുഴ ജില്ലാ കോടതിയാണ് കേസിലെ അഞ്ചുപ്രതികൾക്ക് മുൻകൂർജാമ്യം അനുവദിച്ചത്. ഇതിനെതിരെയാണ് അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചത്.
ആലപ്പുഴ ജില്ല സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് നേരത്തെ മുൻകൂർ ജാമ്യഹരജിയിൽ വിധി പറഞ്ഞത്. പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ അടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരായ എസ്. സന്ദീപ് , വിപിൻ, അരുൺ. ഷൈജു എന്നിവരാണ് മറ്റു പ്രതികൾ.
Kerala
തിരുവനന്തപുരം: നവകേരള സദസിനിടെ ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച കേസിന്റെ അന്വേഷണ റിപ്പോർട്ട് എസ്ഐടി ഡിജിപിക്ക് കൈമാറി. മര്ദ്ദനം ചട്ടവിരുദ്ധമെന്നും ഗണ്മാന്മാര് ഇടപെടേണ്ട സാഹചര്യമില്ലെന്നും റിപ്പോര്ട്ടിൽ പറയുന്നു.
ഗൺമാൻമാരുടെ നടപടിയെ വെറുമൊരു പ്രതിരോധമായി കാണാൻ കഴിയില്ല. അത് കുറ്റകൃത്യമായി തന്നെ കണക്കാക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
സാക്ഷികളും ഇരകളുമടക്കം ഇരുപതു പേരുടെ മൊഴി രേഖപ്പെടുത്തി. ഇനി ചോദ്യം ചെയ്യാനുള്ളത് പ്രതികളായ അഞ്ച് പേരെയാണ്. അതേസമയം പ്രതികളുടെ മുന്കൂര് ജാമ്യപേക്ഷ ചൊവ്വാഴ്ച ആലപ്പുഴ ജില്ലാ സെഷന്സ് കോടതി പരിഗണിക്കും. ഇതിനുശേഷം എസ്ഐടി നോട്ടീസ് നല്കി വിളിപ്പിക്കും.
വിഐപി സുരക്ഷയിലും ഇവർ വീഴ്ച വരുത്തിയാതായാണ് കണ്ടെത്തല്. സുരക്ഷാസംഘം സദാസമയം വിഐപികള്ക്ക് ഒപ്പമുണ്ടാകണമെന്ന ചട്ടം പ്രതിഷേധക്കാരെ മര്ദിക്കാന് പോയ സമയത്ത് ലംഘിക്കപ്പെട്ടെന്നും എസ്ഐടി സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നു.
Kerala
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ പ്രതിയായ ഗൺമാൻ സന്ദീപിനെ പിണറായി വിജയന്റെ സുരക്ഷാ സംഘത്തിൽനിന്ന് ഒഴിവായി. പിണറായിക്ക് നൽകിയിരുന്ന അതിസുരക്ഷ പൂർണമായി പിൻവലിച്ചതോടെയാണ് സന്ദീപ് പോലീസിലേക്ക് മടങ്ങിയത്.
അതേസമയം മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ അനിൽകുമാർ പിണറായിക്കൊപ്പം ഇപ്പോഴും തുടരുകയാണ്. നിലവിൽ വൈ കാറ്റഗറി സുരക്ഷയാണ് പ്രതിപക്ഷനേതാവ്, മുൻമുഖ്യമന്ത്രി എന്നീ പരിഗണനകൾ വെച്ച് പിണറായിക്ക് നൽകുന്നത്. 2023 ഡിസംബർ 15നാണ് ഗൺമാൻമാർ യൂത്ത്കോൺഗ്രസുകാരെ മർദിച്ചത്.
സംഭവം അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ എസ്ഐടി രൂപീകരിച്ചിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന എ.പി.ഷൗക്കത്തലിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എസ്ഐടി ഇന്നു മുതൽ സാക്ഷികളുടെയും പരാതിക്കാരുടെയും മൊഴിയെടുക്കും.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകന്റെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നത്. മർദനമേറ്റ എ.ഡി. തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരോടു ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നവകേരളായാത്രയിൽ ആലപ്പുഴയിൽവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ വളഞ്ഞിട്ട് മർദിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സംഭവത്തിൽ ആലപ്പുഴ മജിസ്ട്രറ്റ് കോടതി പുനഃരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
എൽഡിഎഫ് സർക്കാർ നടത്തിയ ജനസമ്പർക്ക പരിപാടിയായ നവകേരള സദസ് ആലപ്പുഴ ജില്ലയിലെത്തിയപ്പോഴാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരെ കോൺഗ്രസും യുവജന-വിദ്യാർത്ഥി സംഘടനകളും കരിങ്കൊടി വീശി വ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു.
ഇതിനിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച എ.ഡി തോമസ്(നിലവിലെ ആലപ്പുഴ എംഎൽഎ), അജയ് ജ്യുവൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വാർത്താ ചാനലുകൾ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം ചർച്ചയായത്. സംസ്ഥാനത്ത് ഇത്തരത്തിൽ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളെ മുഖ്യമന്ത്രി 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ചതും വലിയ വിവാദമായിരുന്നു.
Kerala
കൊച്ചി: ആക്രമിക്കപ്പെട്ട കേസില് അതിജീവിത ഹൈക്കോടതിയിലേക്ക്. നടന് ദിലീപ് അടക്കമുള്ള പ്രധാന പ്രതികളെ വെറുതെ വിട്ട എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി വിധിക്കെതിരേയാണ് അതിജീവിത അപ്പീല് നല്കുന്നത്.
സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവര് അതിജീവിതയ്ക്കായി ഹാജരാകുമെന്നു നിയമപോരാട്ടത്തിന് പിന്തുണ നല്കാന് രൂപവത്കരിച്ച അവള്ക്കൊപ്പം ലീഗല് സപ്പോര്ട്ട് ട്രസ്റ്റ് വ്യക്തമാക്കി.
നിയമപോരാട്ടം ചെലവേറിയതാണെന്നും പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും വ്യക്തമാക്കി ധനസമാഹരണത്തിനുള്ള ക്യുആര് കോഡും ട്രസ്റ്റ് പങ്കുവച്ചു.
വിമന് ഇന് സിനിമ കളക്ടീവ് എപ്പോഴും അതിജീവിതയ്ക്കൊപ്പം നിന്നിട്ടുണ്ട്. നീതി ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങള്ക്കും ഞങ്ങള് തുടര്ന്നും പിന്തുണ നല്കുമെന്ന് ട്രസ്റ്റിന്റെ പത്രക്കുറിപ്പ് പങ്കുവച്ചുകൊണ്ട് ഡബ്ല്യുസിസി സമൂഹമാധ്യമങ്ങളില് കുറിച്ചു.
District News
വെള്ളറട: വെള്ളറട സബ് ഇന്സ്പെക്ടര് അഭിജിത്തിനെ മര്ദിച്ചു പരിക്കേല്പ്പിച്ച കേസുമായി ബന്ധപ്പെട്ട് വെള്ളറട ജംഗ്ഷനില് തെളിവെടുപ്പുനടത്തി. സര്ക്കിള് ഇന്സ്പെക്ടര് പ്രസാദിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പു പൂര്ത്തിയാക്കിയത്.
കഴിഞ്ഞദിവസം ചൂണ്ടിക്കല് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഘോഷയാത്രയിലെ ഗാനമേളയ്ക്കിടെയാണ് സംഘർഷമുണ്ടായത്. വെള്ളറട ജംഗ്ഷനിൽനടന്ന ഗാനമേളയ്ക്കിടെയുണ്ടായ ഗതാഗതം തടസം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ്ഐ അഭിജിത്തിനെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ആക്രമിച്ചുപരിക്കേൽപ്പിച്ചത്. ആക്രമണത്തില് പരിക്കേറ്റ അഭിജിത്ത് പാറശാല സര്ക്കാര് ആശുപത്രിയില് ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപിനെതിരേയും കണ്ടാലറിയാവുന്ന രണ്ടുപേര്ക്കെതിരെയും പോലീസ് കേസെടുത്തു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള തെളിവെടുപ്പും പൂര്ത്തിയാക്കി. വരും ദിവസങ്ങളില് അക്രമികള്ക്കെതിരേ അറസ്റ്റ് ഉള്പ്പെടെയുള്ള നടപടികള് തുടങ്ങുന്നതിന്റെ ഭാഗമായാണു തെളിവെടുപ്പു നടത്തിയത്. സര്ക്കിള് ഇന്സ്പെക്ടര് പ്രസാദ്, സിവില് പോലീസുകാരായ ദീപു, അഭിലാഷ്, സെലിന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പു നടത്തിയത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണ കോടതി.
വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു.
വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമർശിച്ചു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.
Kerala
കൊച്ചി: നടിയെ ആക്രമിച്ചകേസിൽ വിചാരണക്കോടതിയുടെ വിധി തൃപ്തികരമല്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. വിധിയിന്മേൽ അപ്പീലുമായി മുന്നോട്ട് പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി കോർപറേഷനിൽ എൽഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമാണ്. മികച്ച ഭരണമെന്ന് വിലയിരുത്തപ്പെട്ടതായിരുന്നു കോർപറേഷനിലേത്. തോൽവിയിൽ സൂക്ഷ്മമായ പരിശോധന നടത്തും. തിരുത്തേണ്ടവ എന്തെല്ലാമെന്ന് ഗൗരവമായി പരിശോധിച്ച് നടപടിയെടുക്കും.
യുഡിഎഫ് കാലത്തുനിന്ന് എത്രമാത്രം വ്യത്യസ്തമാണ് എൽഡിഎഫ് ഭരണം എന്നത് വസ്തുതകളാണ്. അത് എന്തുകൊണ്ട് ജനങ്ങളിലേക്ക് എത്തിയില്ല എന്നതുൾപ്പെടെ ചർച്ച ചെയ്യും. നല്ല ആത്മവിശ്വാസത്തോടെ തിരിച്ചുവരുന്നതിനുള്ള എല്ലാ പരിശോധനയും എൽഡിഎഫ് നടത്തും. ജനങ്ങളുടെ വിശ്വാസം കൂടുതൽ ആർജിക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ ബെയ്ലിൻ ദാസിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വയ്ക്കൽ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മേയ് 13 നാണ് സംഭവം. തർക്കത്തിനിടെ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ ദാസ് മർദിക്കുകയായിരുന്നു. അടികൊണ്ട് നിലത്ത് വീണിട്ടും എഴുനേൽപ്പിച്ച് വീണ്ടും മർദിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ബെയ്ലിൻ ദാസിനെ മൂന്നാംദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.